മാഹി ബൈപാസിൽ വീണ്ടും വാഹനാപകടം ; വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന കരിയാട് സ്വദേശിക്ക് ദാരുണാന്ത്യം. കരിയാട് എൻ എ എം റോഡിൽ മാരാംവീട്ടിൽ പുത്തൂർ കണ്ണംകോട് കുറൂളിൽ മുഹമ്മദ് നസീറാണ് ദാരുണമായി മരിച്ചത്.
തലശേരി - മാഹി ബൈപ്പാസ് റോഡ് വഴി കാറിൽ കരിയാടിലേക്ക് വരുന്ന വഴി കവിയൂർ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. വാഹനം നിർത്തി കാറിൽ നിന്നിറങ്ങി റോഡിൽ വിശ്രമിക്കുമ്പോൾ അമിത വേഗതയിലെത്തിയ വേറൊരു സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ താഴെ സർവ്വീസ് റോഡിൽ തലയടിച്ച് വീണ മുഹമ്മദ് നസീറിനെ ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരേതനായ കുഞ്ഞമ്മദിന്റെയും സുബൈദയുടെയും മകനാണ്.