കാസർകോട്: മൂന്ന് ദിവസം മുമ്പ് ഭാര്യയുടെ സീമന്തത്തിന് (പുങ്ങൻ മംഗലം) എത്തിയ ഭർത്താവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. കുമ്പള, ബംബ്രാണ, ഉജാറിലെ പരേതനായ അമ്മുഷെട്ടിയുടെ മകൻ അജിത്ത് ഷെട്ടി (31)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30മണിയോടെ ആരിക്കാടി ദേശീയ പാതയിലാണ് അപകടം. ബുള്ളറ്റിൽ കുമ്പളയിലെത്തി ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. മതിയായ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിൽ നിയന്ത്രണം
ഏർപ്പെടുത്തുന്നതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഭാര്യയുടെ സീമന്തം ഞായറാഴ്ചയായിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഖത്തറിലായിരുന്ന അജിത്ത് ഷെട്ടി ജൂൺ 22ന് നാട്ടിലെത്തിയത്. ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. രത്നാവതിയാണ് മാതാവ്. ഭാര്യ: രൂപശ്രീ. സഹോദരങ്ങൾ: അനിൽഷെട്ടി, അനിത.