പാലക്കാട് :തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയിൽ സജിനിയാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയാണ് സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ പട്ടാമ്പി ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനകത്ത് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് 44 കാരിയായ സജിനിയെ കണ്ടെത്തിയത്. മകളാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് ശേഷമാണ് അമിതമായി ഗുളികകൾ കഴിച്ച നിലയിൽ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമ്മയും മകളും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അധ്യാപികയായ സജിനി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതമാണ് മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സജിനിയുടെ ഭര്‍ത്താവ് പീതാംബരൻ മുൻ സൈനികനാണ്.