ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറി വൻ അപകടം ; 5 പേര്‍ മരിച്ചു, 25 പേർക്ക് പരിക്ക്



പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം.  ഗുഡ്സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. അപകടത്തെതുടര്‍ന്ന് മൂന്ന് ബോഗികള്‍ക്കിടയിലായി നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്‍റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയതെന്ന് പൊലീസ് പറഞ്ഞു.


പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.


സീല്‍ദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നിലേക്ക് ​ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം. കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ മറ്റു ബോഗികളിലുണ്ടായിരുന്നവരെ സുരക്ഷിതമായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.


Post a Comment

Previous Post Next Post