മംഗലാപുരം വിമാനദുരന്തത്തിന് ഇന്ന് പതിനാല് വർഷം


പ്രവാസികളുടെ മനസില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗലാപുരം വിമാനദുരന്തത്തിന് ഇന്ന് പതിനാല് വർഷം .   


സന്തോഷത്തോടെ കളി ചിരികള്‍ പറഞ്ഞ് പെട്ടികെട്ടി നാട്ടിലേക്ക് യാത്രയാക്കിയവര്‍ ദുരന്തത്തിൽപ്പെട്ട വാര്‍ത്ത കേട്ട് ഞെട്ടി ഉണരുകയായിരുന്നു കേരളത്തോടൊപ്പം പ്രവാസ ലോകവും. 


ആ കറുത്ത ദിവസത്തെ ഓര്‍ക്കുകയാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കണ്ണൂര്‍ കുറുമാത്തൂരിലെ കെ.പി. മാഹിന്‍ കുട്ടിയും ഉദുമ ബാരയിലെ കെ. കൃഷ്ണനും. ഉമ്മുല്‍ ഖുവൈനിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ് മാഹിന്‍കുട്ടി ഇപ്പോള്‍. കൃഷ്ണന്‍ ഖത്തറില്‍ ജോലി ചെയ്യുന്നു.


ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21ന് രാത്രി ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് തിരിച്ച എയര്‍ഇന്ത്യ എക്സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്പെ വിമാന താവളത്തില്‍ പുലര്‍ച്ചെ ഒരുമണിയോടെ ലാന്‍ഡിങിനൊരുങ്ങുകയായിരുന്നു.   


നിലം തൊട്ട വിമാനത്തിന് പെട്ടെന്നൊരു ചാഞ്ചാട്ടം. എന്തൊക്കെയോ ഇടിച്ച് തെറിപ്പിക്കുന്ന ശബ്​ദം. വിമാനത്തിനകത്തേക്ക് തീ ഗോളങ്ങള്‍ പാഞ്ഞ് വരുന്നതാണ് പിന്നെ കാണുന്നത്. പ്രിയപ്പെട്ടവരുടെ പേരും വിളിച്ച്​ തീപിടിച്ച ദേഹത്തോടെ പാഞ്ഞുനടക്കുന്ന മനുഷ്യരും.   


തന്നെയും തീ വിഴുങ്ങാന്‍ വരുകയാണെന്ന് മാഹിന്‍കുട്ടിക്ക് തോന്നി. രക്ഷപ്പെടാന്‍ എന്തെങ്കിലും വഴി പടച്ചവന്‍ കാണിച്ച് തരുമെന്ന് ആരോ കാതില്‍ പറയുന്നത് പോലെ. പെട്ടെന്ന് കണ്ണിലേക്ക് ഒരു വെളിച്ചം കടന്നുവന്നു. 


വിമാനം പിളരുന്ന വിടവില്‍ കൂടി കടന്ന് വരുന്ന വെളിച്ചമായിരുന്നു അത്. സീറ്റ്ബെല്‍റ്റ് വലിച്ചൂരി വെളിച്ചം കണ്ട ഭാഗത്തേക്ക് കുതിച്ചു. 


ചെന്ന് വീണത് കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ ഭാഗത്ത്. കാടിന് സമീപത്ത് കൂടി കടന്ന് പോകുന്ന റെയില്‍വേ ട്രാക്കിനടുത്താണ് വീണത്. അവിടെ നിന്ന് എഴുന്നേറ്റ് ഓടാന്‍ തുടങ്ങി. കാലുറക്കുന്നില്ല, കാതില്‍ വിമാനത്തിനകത്തെ നിലവിളിയാണ്.   


കത്തുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വരുന്നവനെ സഹായിക്കാന്‍ നിരവധിയാളുകള്‍. അവരില്‍ നിന്ന് മൊബൈല്‍ വാങ്ങി ഭാര്യയെ വിളിച്ച് സമാധാനിപ്പിച്ചു. വിളിക്കാന്‍ വന്ന ടാക്സിക്കാരനോട് മടങ്ങിപ്പോകാന്‍ പറഞ്ഞു. 


ഒാടിക്കൂടിയവർ ചേര്‍ന്ന് ആശുപത്രിയിലത്തെിച്ചു. മാഹിന്‍ കുട്ടിക്കും കൃഷ്ണനും പുറമെ, അബ്​ദുല്ല ഇസ്മയില്‍, ജി.കെ പ്രദീപ്, മുഹമ്മദ് ഉസ്മാന്‍ എന്നീ മലയാളികളാണ് രക്ഷപ്പെട്ടത്.  


ദുരന്തം നടന്ന് ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ നഷ്​ട പരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല.  


കുടുംബനാഥരും മക്കളും നഷ്​ടപ്പെട്ട വീടുകളും അനാഥരായ മക്കളും ദുരന്തത്തി​​​​ന്റെ ബാക്കിപത്രമാണിന്നും. 15ഓളം കുടുംബങ്ങള്‍ക്ക്​ പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്​ടം പോലും ലഭിച്ചില്ല.   


ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് മരിച്ചത്. ഇതില്‍ നാല് കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു. 


മാഹിന്‍കുട്ടിയും കൃഷ്ണനും ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുറച്ച് കാലം നാട്ടില്‍ തന്നെ കഴിഞ്ഞു. എന്നാല്‍ ജോലിയോ, നഷ്ടപരിഹാരമോ ലഭിക്കാതെ വന്നപ്പോള്‍ രണ്ടാം ജന്‍മവും പ്രവാസത്തിന് സമര്‍പ്പിക്കുകയായിരുന്നു. 


ദുരന്തം നടന്ന ദിവസം മംഗലാപുര​ത്തെത്തിയ അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ മോണ്‍ട്രിയാല്‍ ഉടമ്പടി പ്രകാരം കുറഞ്ഞത് 76 ലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 


ആറുമാസത്തിനകം തുക നല്‍കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാല്‍ പലര്‍ക്കും പലവിധത്തിലാണ് നഷ്ടപരിഹാരം വിതരണം നടത്തിയത്. രാഷ്​ട്രീയ ഉദ്യോഗസ്​ഥ ചരടുവലികളും ഇതിലുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.


പലര്‍ക്കും പകുതി തുക കിട്ടാന്‍ വര്‍ഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടി വന്നു. ഇതിനായി എയര്‍ ഇന്ത്യ ചുമതലപ്പെടുത്തിയ മുല്ല ആൻറ്​ മുല്ല കമ്പനിയുടെ കോണ്‍സലര്‍ ജസ്​റ്റിസ്​ നാനാവതി മരിച്ചവരുടെ ആശ്രിതരുമായി ചര്‍ച്ചനടത്തി കമ്പനിക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്​. 


അപകടത്തെ കുറിച്ച് 350 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇൗ വിവരങ്ങളും പരസ്യപ്പെടുത്തിയിട്ടില്ല.

Post a Comment

Previous Post Next Post