ജീസാൻ: മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചനിലയിൽ. റഹീസ് അലി(30)യെ ആശുപത്രിയോടനുബന്ധിച്ചുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടക്കൽ അട്ടീരി പുത്തൂർ കമ്പ്രത്ത് പുലിക്കോടൻ മുഹമ്മദ് അലിയുടെയും ജമീലയുടെയും മകനാണ്.
ജിസാൻ അൽഹയാത്ത് ആശുപത്രിയിലെ അനസ്തേഷ്യ ടെക്‌നീഷ്യനായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഡ്യൂട്ടിയുണ്ടായിട്ടും റഹീസ് ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നില്ല. റഹീസിനെ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതിനാൽ രണ്ടരയോടെ സഹപ്രവർത്തകർ ക്വാർട്ടേഴ്‌സിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ജിസാൻ സിറ്റി പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ പൂർത്തിയാക്കി. മൃതദേഹം അൽഹയാത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് വർഷമായി ജിസാൻ അൽഹയാത്ത് ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം 26 നാണ് അവധികഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. എൻ.കെ.ഹരീജയാണ് ഭാര്യ. മക്കൾ റയാൻ അലി (6), ഹിദാ അലി (3).