കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്തമഴ തുടരുന്നു. തീക്കോയി, മൂന്നിലവ്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളിലാണ് കനത്ത മഴ ലഭിച്ചത്. പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും മണിക്കൂറുകളായി കനത്ത മഴപെയ്യുകയാണ്.വ്യാഴാഴ്ചയും സമാനമായ രീതിയിൽ ഉച്ചയ്ക്കുശേഷം ഈ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നിരുന്നു. മണിമലയാറ്റിൽ ഒരാൾ ഒഴുക്കിൽ പെട്ട് മരിക്കുകയും ചെയ്തിരുന്നു.വെള്ളിയാഴ്ചയും കനത്ത മഴ പെയ്തതോടെ മീനച്ചിലാറിന്റേയും മണിമലയാറിന്റേയും കൈവഴികളിൽ ജലനിരപ്പ് ഉയരുകയാണ്. തീക്കോയിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മാർമല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. മൂന്നിലവ്-വാക്കാട് റോഡിൽ മണിക്കൂറുകളായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വരുംമണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം, മറ്റ് പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുന്നതിനാലും വാഹനങ്ങളിലെ കാഴ്ച മങ്ങാൻ സാധ്യതയുള്ളതിനാലും ഗതാഗതക്കുരുക്ക് ഉണ്ടാകാം. അതിനാൽ ഗതാഗതം നിയന്ത്രിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിതമേഖലകളിൽ തുടരണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളാ തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.അടുത്ത അഞ്ചുദിവസത്തെ മഴസാധ്യതാ പ്രവചനത്തെ അടിസ്ഥാനമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു