വാക്കുതർക്കം; അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി



കണ്ണൂര്‍: പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇന്നലെ വൈകീട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി.

തുടർന്ന് റോഡിൽ വച്ച് അജയകുമാറിനെ ദേവദാസും മക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഹെൽമറ്റും കല്ലും ഉപയോഗിച്ചായിരുന്നു മർദ്ദനം. ഇത് തടയാൻ ശ്രമിച്ച പ്രവീൺ കുമാർ എന്നയാൾക്കും മർദ്ദനമേറ്റു. തലയ്ക്ക് മർദ്ദനമേറ്റ് റോഡിൽ കിടന്ന രണ്ടുപേരെയും നാട്ടുകാർ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്നാണ് പൊലീസ് ദേവദാസിനെയും മക്കളെയും കസ്റ്റഡിയിലെടുത്തത്.

Post a Comment

Previous Post Next Post