കാസർകോട് തൃക്കരിപ്പൂരിൽ കല്യാണ പാർട്ടി സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്ത് നിന്നു; ഒഴിവായത് വൻ ദുരന്തം; നാലുപേർക്ക് നിസാര പരിക്ക്

 



കാസർകോട്: തൃക്കരിപ്പൂരിൽ കല്യണ പാർട്ടി സഞ്ചരിച്ച ബസും എതിരേ വന്ന കാറും കൂട്ടി ഇടിച്ചു. നിയന്ത്രണം വിട്ട ബസ് എച്ച് ടി ലൈനുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. നാലുപേർക്ക് നിസാര പരിക്ക്. ഞായറാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെ തങ്കയം കക്കുന്നം ജങ്ഷനിൽ ആണ് അപകടം. തൃക്കരിപ്പൂർ തങ്കയം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് പയ്യന്നൂർ നിന്നും തൃക്കരിപ്പൂരിലേക്ക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന കാർ കക്കുന്നം ജങ്ഷനിൽ നിന്ന് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കാർ വന്ന് ഇടിക്കുന്നതിനിടെ അപകടം ഒഴിവാക്കാനായി ബസ് ഡ്രൈവർ വലതു വശത്തേക്കു വെട്ടിക്കുന്നതിനിടയിൽ രോഡരികിലുണ്ടായിരുന്ന എച്ച്.ടി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് ബസ് നിന്നത്. അപ്പോഴേക്കും കാർ ബസ്സിൽ   ഇടിച്ചിരുന്നു. കാറിൽ ഉണ്ടായിരുന്ന തളിപ്പറമ്പ ചപ്പാരപ്പടവിലെ സായൂജ് (35), ശ്രീലിക (28), ഐനിക (3), രോഹിത് (30) എന്നിവരെ പരിക്കുകളോടെ തൃക്കരിപ്പൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെയും കാറിന്റെയും മുൻ ഭാഗം പൂർണമായും തകർന്നു. വൈദ്യുതി പോസ്റ്റ് തകർന്നു ബസ്സിനു മുകളിൽ വീണെങ്കിലും ആർക്കും ഷോക്കേറ്റില്ല. വലിയ അപകടം സംഭവിച്ചിട്ടും കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. തൃക്കരിപ്പൂർ അഗ്നിശമന സേന, ചന്തേര പൊലിസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, നാട്ടുകാർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.

Post a Comment

Previous Post Next Post