കുമളി: ദേശീയപാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം പൊലീസ് വളവിൽ നിയന്ത്രണംവിട്ട കാർ മൂന്ന് വാഹനങ്ങൾ ഇടിച്ചുതകർത്തു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പാലായിൽനിന്ന് തമിഴ്നാട്ടിലെ ചിന്നമന്നൂരിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിച്ചത്.
തമിഴ്നാട് സ്വദേശികളായ മൂന്നുപേർ സഞ്ചരിരിച്ചിരുന്ന കാർ പൊലീസ് വളവിലെത്തിയതോടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായാണ് മറ്റു വാഹനങ്ങളിലിടിച്ചത്. നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിക്കുകയും തുടർന്ന് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും സ്കൂട്ടിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും പിന്നീട് തൊട്ടടുത്ത തോട്ടിലേക്ക് മറിഞ്ഞെങ്കിലും ആളപായം ഉണ്ടായില്ല
ഇതിനിടെ, വണ്ടിപ്പെരിയാർ 63ാം മൈൽ പെട്രോൾ പമ്പിന് സമീപം നിയന്ത്രണംവിട്ട മറ്റൊരു വാഹനം ഇടിച്ച് റോഡരികിൽ ജോലി ചെയ്തിരുന്ന തൊഴിലാളിക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാർ ദേശീയപാതക്ക് അരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന വണ്ടിപ്പെരിയാർ മഞ്ജുമല സ്വദേശി ശിവകുമാറിനെയാണ് (61) ഇടിച്ചത്. ശിവകുമാറിന് കാലിനും കൈക്കുംപരിക്കേറ്റു. ശിവകുമാറിനെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇതേ കാർ ഇടിച്ച് ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാർ അപകടത്തിന് കാരണം..