തൃശ്ശൂർ മണ്ണുത്തി. ദേശീയപാതയിൽ മുളയത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. അയ്യപ്പൻകാവ് എടത്തറ വീട്ടിൽ വിനിൽ (35) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയിലെ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട കാർ ദേശീയപാത കുറുകെ കടക്കുകയായിരുന്ന വിനിലിനെ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മഴ ആരംഭിച്ചതോടെ ദേശീയപാതയിലെ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ദേശീയപാതയോരത്ത് കാനകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും അശാസ്ത്രീയമായാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഇതുമൂലം ദേശീയപാതയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം അവിടെത്തന്നെ കെട്ടിക്കിടക്കുന്നത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക. എത്രയും വേഗം ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ട് അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.