എ.സി. റോഡില്‍ ചങ്ങനാശേരി കിടങ്ങറ രണ്ടാം പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യബോര്‍ഡ് ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു.മറിഞ്ഞ ബോര്‍ഡ് തെങ്ങിലും വൈദ്യുതി കേബിളിലും തട്ടി നിന്നതോടെ തൊട്ടടുത്ത് താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വന്‍ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്നലെ രാത്രി 8.45നാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന കൂറ്റന്‍ പരസ്യ ബോര്‍ഡാണ് അപകടത്തിനടയാക്കിയത്. ശക്തമായ കാറ്റില്‍ ബോര്‍ഡ് മറിഞ്ഞു വീഴുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന തെങ്ങില്‍ ഇടിച്ച ബോര്‍ഡിന്റെ അറ്റം വൈദ്യുതി കേബിളിലും തട്ടി നിന്നു.
സമീപത്തെ ഇലക്‌ട്രിക് പോസ്റ്റും ചെരിഞ്ഞിട്ടുണ്ട്. അപകടം നടക്കുമ്ബോള്‍ ബോര്‍ഡിനു താഴെയുള്ള മൂന്ന് വീടുകളിലും ഈ സമയം ആളുകളുണ്ടായുരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവമറിയുന്നത്. വൈദ്യുതി ലൈന്‍ അടക്കം പൊട്ടിവീണിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി.