പത്തനംതിട്ട: പമ്പ ചാലക്കയത്ത് റോഡരികിലെ 30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് ആറ് അയ്യപ്പൻമാർക്ക് പരിക്കേറ്റു. തിരുവനന്തപുരം ഉള്ളൂരിൽനിന്നെത്തിയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. അനീഷ്(39), പ്രമോദ്(45), ശിവദത്ത്(12), ശിവനന്ദ(9), സഞ്ജു(20), അനുജിത്ത്(18) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് 3.15-ഓടെയാണ് അപകടം ഉണ്ടായത്. പമ്പയിലേക്ക് വരികയായിരുന്ന കാറിന്റെ വലതുവശത്തെ ടയർപൊട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മരത്തിലിടിച്ച് കാർ തങ്ങി നിന്നു.
സ്റ്റേഷൻ ഓഫീസർ സതീഷ്കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആദ്യം പമ്പാ ഗവ. ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.