തൃശ്ശൂർ പെരുമ്പിലാവ്:വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധു വയറു വേദനയെ തുടര്‍ന്ന് മരിച്ചു. പെരുമ്പിലാവ് കോളനിയില്‍ വട്ടേക്കാട്ട് ഷണ്‍മുഖന്‍ മകന്‍ ലിജിത്തിന്റെ ഭാര്യയും നാട്ടിക അറക്കല്‍ വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകളുമായ ധനിത (38) യാണ് മരിച്ചത്. ഏപ്രില്‍ 21 നായിരുന്നു ഇവരുടെ വിവാഹം. വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ തൃശൂര്‍ ദയ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ധനിത വാടാനപ്പിള്ളിയിലെ സെന്‍ട്രല്‍ ലാബില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ലിജിത്ത് അബുദാബിയില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭര്‍ത്താവിന്റെ വീടായ പെരുമ്പിലാവില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം ധനിതയുടെ നാട്ടികയിലെ വീട്ടുവളപ്പില്‍ വൈകീട്ടോടെ സംസ്‌ക്കരിക്കും. ശാന്ത മാതാവും ധന്യ സഹോദരിയുമാണ്.