കോഴിക്കോട് ബിലാത്തിക്കുളത്ത് വിദ്യാർത്ഥികൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. അനുരൂപ് എന്ന വിദ്യാർത്ഥി സംഭവസ്ഥലത്തു തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇജാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് ശിവദാസിന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.
കോട്ടയം തലയോലപ്പറമ്പ് മനയത്ത് വീട്ടിൽ മുഹമ്മദ് ഇഖ്ബാലിന്റെ മകൻ ഇജാസ് ഇഖ്ബാലിനെ (22) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു ബൈക്കുകളിലായി വിദ്യാർഥികൾ ഹോസ്റ്റലിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക്, വീടിന്റെ ഗ്രില്ലും ജനൽച്ചില്ലും തകർത്തു.