എടത്വ: കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വ – തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ തെറിച്ച് റോഡിൽ തലയടിച്ച് വീണു. ബസിന് അടിയിൽപെട്ട സ്കൂട്ടർ ഇരുനൂറ് മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സോമൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്