തൃശൂർ: ദേശീയ പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. മുരിങ്ങൂർ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു സംഭവം.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സഞ്ചാരി ബസിലായിരുന്നു തീപിടുത്തം. ബസിന്റെ പിന്നില്‍ എഞ്ചിന്റെ ഭാഗത്താണ് തീ പിടുത്തം ഉണ്ടായതു.
ബസിന് സമീപം റോഡിലൂടെ യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രകരാണ് ബസിന്റെ പിറകില്‍ നിന്നും പുക ഉയരുന്ന കണ്ട് ബസ്സിനെ പിന്തുടർന്ന് ഡ്രൈവറെ വിവരം അറിയിച്ചത്. ഉടൻ തന്നെ ബസ്സ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ചാലക്കുടി അഗ്നി രക്ഷാ നിലയത്തില്‍ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഒ വർഗീസിന്റെ നേതൃത്വത്തില്‍ ഫയർ ഫോഴ്സ് സംഘമെത്തി. വേഗത്തില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ ബസിന്റെ അകത്തേക്ക് വ്യാപിക്കുന്നത് തടയാൻ സാധിച്ചതായി ഫയർഫോഴ്സ് ജീവനക്കാർ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് അംഗങ്ങളായ ടി. എസ് അജയൻ, സന്തോഷ്‌കുമാർ പി.എസ്, പി.എം മനു, കെ. അരുണ്‍ എന്നിവർ തീ കെടുത്തുന്നതിന് നേതൃത്വം നല്‍കി.