കോഴിക്കോട്: മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം വീണ സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് മുക്കം ഓര്‍ഫനേജ് സ്‌കൂള്‍ കോമ്പൗണ്ടിലാണ് ഇന്ന് ഉച്ചക്ക് രണ്ടോടെ മാവ് വീണത്. ഇതേ മരത്തിന്റെ കീഴില്‍ സംസാരിച്ച് കൊണ്ടിരുന്ന അധ്യാപകര്‍ മഴ പെയ്തതിനാല്‍ സ്‌കൂള്‍ വരാന്തയിലേക്ക് കയറി നിന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ക്ലസ്റ്റര്‍ പരിശീലനത്തിന് എത്തിയ അധ്യാപകരുടെ ഇരുചക്രവാഹനങ്ങളുടെ മുകളിലേക്കാണ് മാവ് വീണത്. സംഭവത്തില്‍ അഞ്ചോളം ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേന മരം മുറിച്ചു നീക്കിയാണ് ഇരുചക്രവാഹനങ്ങള്‍ പുറത്തെടുത്തത്. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ സി. മനോജ്, സേനാംഗങ്ങളായ കെ.സി അബ്ദുല്‍ സലിം, കെ.പി അമീറുദ്ധീന്‍, വൈ.പി ഷറഫുദ്ദീന്‍, ടി.പി ഫാസില്‍ അലി, കെ.എസ് വിജയകുമാര്‍, സി.എഫ് ജോഷി എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചു നീക്കിയത്