തിരുവനന്തപുരം കിളിമാനൂർ കുറവൻകുഴിയിൽ ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഓട്ടോ യാത്രികരും തട്ടത്തുമല സ്വദേശികളുമായ മുരളീധരൻ ആചാരി, അബ്ദുൾ ബഷീർ, സുനി എന്നിവർക്കാണ് പരുക്കേറ്റത്.
2.30 മണിയോടെയായിരുന്നു അപകടം. തട്ടത്തുമല ഭാഗത്തുനിന്നും കിളിമാനൂർ ഭാഗത്തേക്ക് റബ്ബർ ഷീറ്റ് കയറ്റി വന്ന ഓട്ടോയുടെ പുറകിൽ അതേ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഇലട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.