തൃശൂർ: ശ്രീനാരായണപുരം പൂവ്വത്തുംകടവിൽ ദേശീയപാത നിർമ്മാണം നടക്കുന്നിടത്തുണ്ടായ അപകടത്തിൽ ബീഹാർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. കോൺക്രീറ്റ് ബീമിനും ഇരുമ്പ് ഗാർഡിനും ഇടയിൽപ്പെട്ടാണ് നീരജ് കുമാർ മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. കൂറ്റൻ ട്രെയിലറിൽ മേൽപ്പാലത്തിൽ വെയ്ക്കാനുളള കോൺക്രീറ്റ് ബീം കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. നീരജ് കുമാർ ബീമിനിടയിൽ കുടുങ്ങുകയായിരുന്നു. ബീമിനിടയിൽ കുടുങ്ങിയ നീരജ് കുമാറിനെ ക്രെയിൻ കൊണ്ടുവന്ന് ബീമുയർത്തിയാണ് പുറത്തെടുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മതിലകം പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.