മദ്ധ്യപ്രദേശിലെ ബേത്തുളില്‍ നിന്ന് ഇവിഎമ്മുമായി പോയ ബസിന് തീപിടിച്ചു. ആറു ബൂത്തുകളിലെ വേട്ടിംഗ് മെഷീൻ കത്തിയമർന്നു.
ഗൗള വില്ലേജിലായിരുന്നു സംഭവം. മിക്ക ഇവിഎമ്മുകള്‍ക്കും കേടുപാടുകളുണ്ടായതായി അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് സൂചന. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 36 പോളിംഗ് ഉദ്യോഗസ്ഥരാണ് ബസിലുണ്ടായിരുന്നത്.
ഗൗള വില്ലേജില്‍ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നാം ഘട്ടത്തിലെ വോട്ടിംഗ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.ഉദ്യോഗസ്ഥർ ഗ്ലാസുകള്‍ തകർത്താണ് രക്ഷപ്പെട്ടതെന്നും ബസിന് സാങ്കേതിക തകരാറിനെ തുടർന്നാണ് തീപിടിച്ചതെന്നും ബേതുള്‍ എസ്.പി നിശ്ചല്‍ ജാരിയ പറഞ്ഞു. നാല് ഇവിഎമ്മുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. സംഭവം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അവരുടെ നിർദ്ദേശം വന്ന ശേഷമാകും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സാക്ഷി മൊഴികളെ അധികരിച്ചുള്ള പ്രാഥമിക നിഗമനത്തില്‍ തീപിടിത്തം സാങ്കേതിക തകരാറിനെ തുടർന്നെന്നാണ് കണ്ടെത്തലെന്ന് കളക്ടർ ഡി.എം നരേന്ദ്രകുമാർ പറഞ്ഞു