പാലക്കാട് അട്ടപ്പാടി ഗൂളിക്കടവ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മേൽ വൻമരം കടപുഴകി വീഴുകയായിരുന്നു. ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ICU ആമ്പുലൻസ് കിട്ടാതെ മൂന്നര മണിക്കൂറാണ് രോഗി കാത്തിരുന്നത്. അട്ടപ്പാടിയിലേക്ക് അനുവദിച്ച രണ്ട് ആമ്പുലൻസുകളും മാസങ്ങളായി കട്ടപ്പുറത്താണ്. മരിച്ച ഫൈസലിന് ആമ്പുലൻസ് എത്തിയത് ഒറ്റപ്പാലത്ത് നിന്നുമായിരുന്നു.
3 മണിക്ക് അപകട സ്ഥലത്തു നിന്നും ആശുപത്രിയിലെത്തിച്ച ഫൈസലിന് വിദഗ്ദ്ധ ചികിൽസക്കായി ICU ആമ്പുലൻസിൻ്റെ സേവനം അനിവാര്യമായിരുന്നു. വൈകുന്നേരം 6.26നാണ് ആമ്പുലൻസ് എത്തിയത്. അതായത്, മൂന്നര മണിക്കൂറോളം നീണ്ട കാത്തിരിപ്പ്. തലയിൽ രക്തസ്രാവം കൂടുതലായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രക്തസ്രാവം കൂടുതലായതിനാൽ അമിതവേഗം എടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു ആമ്പുലൻസ് ജീവനക്കാർ. അട്ടപ്പാടി റോഡിന്റെ മോശം അവസ്ഥയും പ്രതികൂലമായി.