അഗളി: അട്ടപ്പാടി നക്കുപ്പതി പെട്രോൾ പമ്പിനടുത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി ടവറിലിടിച്ച് തീപിടിച്ചു. കാർയാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൂളിക്കടവ് സ്വദേശികളായ ലിജിൻ (22), ആദർശ് (23), ദീപു (20), അഗളി സ്വദേശി ജ്യോതിഷ് (23), നെല്ലിപ്പതി സ്വദേശി അലൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30ഓടെ യായിരുന്നു സംഭവം. കാവുണ്ടിക്കല്ലിൽ നിന്നും ഗൂളിക്കടവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് 33 കെവി വൈദ്യുതി ടവറിലിടിച്ച് മറിയുകയായിരുന്നു. ശബ്ദംകേട്ടെത്തിയ പ്രദേശവാസികളും സ്ഥലത്തെത്തിയ പൊലിസും ചേർന്നാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ 15 മിനുറ്റിന് ശേഷം കാറിന് തീപിടി ക്കുകയായിരുന്നു. കെഎസ്‌ഇബി ജീവനക്കാരും പ്രദേശവാസികളും പൊലിസും സംയുക്തമായി കാറിലെ തീയണച്ചു. പ്രദേശവാസികൾ പൊലിസിലും കെഎസ്ഇബിയും വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട്ടു നിന്നുള്ള വൈദ്യുതി ഓഫ് ചെയ്തു. പരിക്കേറ്റവരെ അഗളി എസ്.ഐ. സി.എം.അബ്ദുൽ ഖയ്യൂമിന്റെ നേതൃത്വത്തിൽ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കെ ത്തിച്ചു. അപകടത്തെ തുടർന്ന് അട്ടപ്പാടി മുഴുവൻ ഇരുട്ടിലായി.