താനൂര്‍ തൂവല്‍തീരത്തെ ബോട്ട് അപകടത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. മെയ് ഏഴിനുണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 12 പേരടക്കം 22 പേരാണ് മരണമടഞ്ഞത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല..
ബോട്ട് ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയവരെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പരാതി. രക്ഷാപ്രവർത്തനത്തിനിടെ മാരകമായി പരിക്കേറ്റവരുടെ ചികിത്സ ചെലവുകൾ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. അപകട വിവരം അറിഞ്ഞയുടൻ സ്വന്തം ജീവൻ പോലും വക വെക്കാതെ കായലിലേക്ക് എടുത്തു ചാടിയ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളായിരുന്നു രക്ഷാപ്രവർത്തകരിൽ ഏറിയ പങ്കും ബോട്ടിന്റെ ഗ്ലാസ് തകർക്കാനുള്ള ശ്രമത്തിൽ മാരകമായി പരിക്ക് പറ്റിയ പലരും മുറിവ് പോലും വക വെക്കാതെ രക്ഷാപ്രവർത്തനത്തിൽ തുടരുകയായിരുന്നു. പ്രദേശത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് അന്നേ ദിവസത്തെ ചികിത്സ ചെലവുകൾ ആശുപത്രി അധികൃതർ സൗജന്യമാക്കിയതൊഴിച്ചാൽ തുടർ ചികിത്സകൾക്കോ പരിക്ക് കാരണമുണ്ടായ തൊഴിൽ നഷ്ടത്തിനോ സഹായം അനുവദിക്കാൻ സർക്കാർ സന്നദ്ധമായിട്ടില്ലെന്നാണ് രക്ഷാപ്രവർത്തകനത്തിൽ മുൻ നിരയിൽ പ്രവർത്തിച്ച ടീം ആക്സിഡന്റ് റെസ്ക്യൂ 24×7 ടീം അംഗങ്ങൾ അഭിപ്രായപ്പെടുന്നത്