സ്‌കൂട്ടര്‍ കേടായി, മഴ നനയാതിരിക്കാൻ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന്‍ മരിച്ചു



കോഴിക്കോട് : മഴയില്‍ സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് കടയുടെ സൈഡില്‍ കയറി നിന്നപ്പോള്‍ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.


ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിജാസ്. സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് സഹോദരനെ വിളിച്ചു. സ്‌കൂട്ടര്‍ കടയുടെ സൈഡിലേക്ക് കയറ്റിവെക്കുന്നതിനിടെ, വണ്ടി ചരിഞ്ഞപ്പോള്‍ കടയിലെ തൂണില്‍ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച റിജാസിന്റെ സഹോദരനും ഷോക്കേറ്റു.


പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. ഈ അപകടം ഉണ്ടാകുന്നതിന് മുമ്പ് മറ്റൊരാള്‍ക്കും ഷോക്കേറ്റിരുന്നു. രാത്രി 9.30 ഓടെ കടയില്‍ തേങ്ങ കൊണ്ടു കൊടുക്കുന്നതിന് എത്തിയപ്പോഴാണ് കടയുടെ തൂണില്‍ നിന്നും വൈദ്യുതാഘാതമേറ്റതെന്ന് ഇയാള്‍ പറയുന്നു.


കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമ പരാതിപ്പെട്ടു. അപകടം ഉണ്ടായത് അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക മാത്രമാണ് ചെയ്തത്. സര്‍വീസ് ലൈന്‍ മുറിച്ചിടുകയാണ് ചെയ്തത്. കടയുമായി മുട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ ഒന്നും വെട്ടി മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും കടയുടമ പറയുന്നു.

Post a Comment

Previous Post Next Post