കോഴിക്കോട്: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരായ അപ്പുക്കുട്ടി, മഞ്ജുഷ നെടുമല, ഹുസൈൻകുട്ടി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് ബീം തകർത്ത് ബസ് കടക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിൻ്റെ അടിയിൽപ്പെട്ടു.ബസ് അമിതവേഗതയിലായിരുന്നുവെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ ബസാറിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.