തൃശ്ശൂർ: അത്താണി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കുന്നംകുളം സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിക്കുന്ന കാറാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ അതിവേഗം കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ (34) ഓടിച്ചിരുന്ന കാറിൽ നിന്നും പെരിങ്ങണ്ടൂരിൽ എത്തിയതോടെ തീ ഉയരുകയായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആയിരുന്നു അപകടം. സംഭവത്തിൽ കാർ പൂർണമായും കത്തി നശിച്ചു. വടക്കാഞ്ചേരിയിൽ എത്തിയ അഗ്നിശമനാസേന ഉദ്യോഗസ്ഥർ തീ അണച്ചു. സംഭവത്തെ തുടർന്ന് ഏറെ നേരം മേഖലയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.