തിരുവനന്തപുരം: വിതുരയിൽ പശുക്കളെ മേയ്ക്കാൻ പോയ കർഷകൻ വഴിയിലെ തോടിനു കുറുകേയുള്ള പാലം തകർന്നുവീണു മരിച്ചു. മരുതാമല അടിപ്പറമ്പ് ജെഴ്‌സി ഫാമിനു സമീപം അരുൺ ഭവനിൽ കനകരാജ്(61) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ജെഴ്സിഫാമിനു സമീപത്തെ പാലം തകർന്നായിരുന്നു അപകടം.രണ്ടു പശുക്കളെയും ഒരു കിടാവിനെയും തീറ്റാൻ പോകവേയാണ് പാലം പൊളിഞ്ഞത്. ഒരു പശുവും കിടാവും പാലം കയറിപ്പോയി. തുടർന്ന് കനകരാജും രണ്ടാമത്തെ പശുവും കയറുമ്പോഴാണ് സ്ലാബ് പൊളിഞ്ഞുവീണതെന്ന് കണ്ടുനിന്നവർ പറഞ്ഞു. പൊളിഞ്ഞുമാറിയ പാലത്തിന്റെ ഒരു ഭാഗം കനകരാജിന്റെയും പശുവിന്റെയും പുറത്തു വീഴുകയായിരുന്നു.
കനകരാജിന്റെ നെഞ്ചിൽ കോൺക്രീറ്റ് പതിച്ചു. ഇയാളുടെ കാലും ഇതിനിടയിൽ കുരുങ്ങിപ്പോയി. അഗ്നിരക്ഷാസേനയെത്തി കോൺക്രീറ്റ് പാളി മുറിച്ചുമാറ്റി വിതുര താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലവീഴ്ചയുടെ ആഘാതത്തിൽ പശുവിന്റെ കൊമ്പ് ഒടിഞ്ഞു. പുറത്ത് ഗുരുതര പരിക്കുമുണ്ട്. അടിപ്പറമ്പ് ജെഴ്‌സി ഫാമിലെ തൊഴിലാളിയായ സുജകുമാരിയാണ് ഭാര്യ. മക്കൾ: അഞ്ജുരാജ്, അരുൺരാജ്, ആൻസിരാജ്. മരുമകൾ: സോഫി.