പാലക്കാട്: പൊതുകിണർ വൃത്തിയാക്കുന്നതിനിടെ കിണർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെരുങ്കുന്നം തെക്കേക്കരയിലായിരുന്നു അപകടം. കുഴൽമന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയിലെ സുരേഷാണ് മരിച്ചത്.
കുഴൽമന്ദം പോലീസും ആലത്തൂർ അഗ്നിരക്ഷാ സേനയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും വെള്ളം മോട്ടോർ വെച്ച് പമ്പു ചെയ്ത് വറ്റിച്ചും നടത്തിയ തിരച്ചിലിൽ വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
പൊതുകിണർ വൃത്തിയാക്കാൻ 15ഓളം പേരാണ് ഉണ്ടായിരുന്നത്. കൽക്കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഉള്ളിലുണ്ടായിരുന്ന നാലു പേർ കരയിലേക്ക് കയറി രക്ഷപ്പെട്ടു. എന്നാൽ, മുകളിൽ നിന്ന മൂന്നു പേർ താഴേക്ക് വീഴുകയായിരുന്നു. ഇവരിൽ രണ്ടു പേർ തിരികെ കയറിയെങ്കിലും സുരേഷിന് തിരികെ കയറാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.