ഭര്‍ത്താവിനെപ്പോലെ മകനും മദ്യപാനിയായാലോ എന്ന ഭയം; രണ്ടുവയസുകാരന് വിഷം നല്‍കിയ അമ്മ അറസ്റ്റിൽ


 മറയൂർ: ഇടുക്കി കാന്തല്ലൂരിൽ മകന് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതി പോലീസ് കസ്റ്റഡിയിൽ. കാന്തല്ലൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചമ്പക്കാട് ഗോത്രവർഗ്ഗ കോളനിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചമ്പക്കാട് ഗോത്രവർഗ കോളനിയിലെ എസ്. ശെൽവി(34)യെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷം ഉള്ളിൽചെന്ന് അവശനിലയിലായ രണ്ടുവയസുകാരൻ നീരജിനെ ആശുപത്രിയിലാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചിന്നാർ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെൽവിയുടെ ഭർത്താവ് ഷാജി. ഇയാൾ സ്ഥിരമായി മദ്യപിച്ച് എത്തുന്നതിനാൽ വീട്ടിൽ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉൾപ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോൾ ശെൽവി മറയൂർ പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് പോലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടിരുന്നു.


ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി. ഭാവിയിൽ മകനും ഭർത്താവിനെപോലെ ആകുമെന്ന് കരുതിയാണ് വിഷം നൽകി കൊല്ലാൻ ശ്രമിച്ചതെന്ന് ശെൽവി പറഞ്ഞു. ചോറിൽ കീടനാശിനിയായ ഫ്യൂറിഡാൻ ചേർത്താണ് ശെൽവി നീരജിന് നൽകിയത്. സംഭവസമയം വീട്ടിൽ ഇവരുടെ മൂന്ന് പെൺമക്കളും ഉണ്ടായിരുന്നു.

വിഷത്തിന്റെ രൂക്ഷഗന്ധം പടർന്നതോടെ സമീപവാസികൾ ശെൽവിയുടെ വീട്ടിലേക്കെത്തി. വിഷം ചേർന്ന ചോറ് കഴിച്ച് അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെൽവിയെയുമാണ് ഇവർ കണ്ടത്. ചോദിച്ചപ്പോൾ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് ശെൽവി പറഞ്ഞു. ഗ്രാമവാസികളാണ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുവാൻ മറയൂർ ട്രൈബൽ ഓഫീസുമായി ബന്ധപ്പെട്ടത്.

ട്രൈബൽ ഓഫീസ് അധികൃതർ ഉടനടി മറയൂർ പോലീസിൽ വിവരമറിയിച്ചു. മറയൂരിൽ നിന്നും വാഹനമെത്തിയാണ് കുട്ടിയെ ഉദുമലൈപ്പേട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് കുട്ടിയെന്ന് ഡോക്ടർമാർ പറഞ്ഞു

ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള മറയൂരിലെ പോലീസ് സംഘം ചമ്പക്കാട്ടിലെ വീട്ടിൽ നിന്നാണ് ശെൽവിയെ കസ്റ്റഡിയിൽ എടുത്തത്. വീട്ടിനുള്ളിൽ നിന്നും വിഷം കലർന്ന ചോറും വിഷക്കുപ്പിയും കണ്ടെടുത്തു. ശെൽവിയെ വ്യാഴാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും

Post a Comment

Previous Post Next Post