കണ്ണൂർ: പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്‍റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു.
മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായെന്നാണ് നിഗമനം.
രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയതാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.