തിരുവനന്തപുരം വെള്ളറട : വീട്ടിനുള്ളിൽ ഉറങ്ങാൻക്കിടന്ന വൃദ്ധയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാക്കുഴി റോഡരികത്ത് വീട്ടിൽ പരേതനായ ആഞ്ചലോസിന്റെ ഭാര്യ ആയിയമ്മയാണ് (86) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കൊതുകിന്റെ ശല്യം കാരണം ഉറങ്ങാൻ നേരത്ത് ആയിയമ്മയുടെ കിടക്കയ്ക്ക് സമീപം കൊതുകുതിരി കത്തിച്ചു വച്ചിരുന്നു.
ഇതിൽ നിന്നും തീ തുണിയിൽ പടർന്നു പിടിച്ചതാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. കാരക്കോണം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചു. മക്കൾ: ലിറ്റിൽ ഫ്ളവർ, ജോസഫ് തോമസ്, വിജില, സുനിത. വെള്ളറട പോലീസ് കേസെടുത്തു.