മരുമകന്റെ കടയുടെ ഉദ്ഘാടനം കാണാൻ ട്രെയിനിറങ്ങി; പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം



കോഴിക്കോട്: മരുമകന്റെ പുതിയ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ വയോധികന്‍ ഭാര്യയുടെ മുന്‍പില്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂര്‍ കിഴക്കേ കോടനാട് സ്വദേശിയും റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടറുമായ ഓട്ടീരി അച്യുതന്‍ (82) ആണ് മരിച്ചത്. ഫറോക്ക് റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്.


അച്യുതന്റെ മകളുടെ ഭര്‍ത്താവ് കോഴിക്കോട് കൊളത്തറ സ്വദേശിയായ പനോളി കൃഷ്ണ കുമാര്‍ ചെറുവണ്ണൂരില്‍ പുതുതായി ആയുര്‍വേദ ഫാര്‍മസി ആരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കാനായാണ് ഭാര്യ ഇന്ദിരയോടൊപ്പം ഇദ്ദേഹം കഴിഞ്ഞ ദിവസം രാവിലെ 9.30ന് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് ഇരുവരും ഇറങ്ങിയത്. മേല്‍പ്പാലം കയറാന്‍ കഴിയാത്തതിനാല്‍ ഇരുവരും പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ഇതു വഴി വന്ന ഫറോക്ക് സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ലാത്ത നേത്രാവതി എക്സ്പ്രസ് അച്യുതനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. അപകടത്തില്‍ നിന്ന് ഇന്ദിര അദ്ഭുതകരമായി രക്ഷപ്പെട്ടു. 


അച്യുതന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മക്കള്‍: സാജു, സനൂപ്, സിന്ധു. മരുമക്കള്‍: രഞ്ജുഷ, ഗീതു.

Post a Comment

Previous Post Next Post