മലപ്പുറം തിരൂരങ്ങാടി : മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു.
ഭാര്യ: ജമീല. മക്കൾ സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.