അങ്കമാലി: ഓടിക്കൊണ്ടിരുന്ന ക്രെയിനിന്‍റെ ടയർ ഊരി വീണ് ബൈക്ക് യാത്രികന് പരിക്ക്. തുറവൂർ പാലാട്ടി കുനത്താൻ റിജോ (40)യ്ക്കാണ് പരിക്കേറ്റത്.
അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയ്നിന്‍റെ ചക്രം പെട്ടന്ന് ഊരി തെറിച്ച് റോഡിലേക്ക് വീണു.
എതിർ ദിശയില്‍ വരികയായിരുന്ന റിജോ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരേ ഈ ചക്രം പാഞ്ഞടുത്തതിനെ തുടർന്ന് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞാണ് അപകടം. ബുധനായ്ച ഉച്ചയ്ക്ക് 1.15ന് അങ്കമാലി-മഞ്ഞപ്ര റൂട്ടില്‍ കനാല്‍ ജംഗ്ഷനിലായിരുന്നു സംഭവം.
ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ റിജോയ്‌ക്ക് കാലിനും കൈയ്‌ക്കും ഗുരുത പരിക്കിനെതുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ജോലി കഴിഞ്ഞ് തുറവൂരിലെ വീട്ടിലേക്ക് വരികയായിരുന്നു റിജോ. മറ്റ് വാഹനങ്ങള്‍ പിറകേ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നിരവധി വാഹനാപകടങ്ങള്‍ നടക്കുന്ന പ്രദേശമാണിത്.