ഇടുക്കി തൊടുപുഴ ആറിന്റെ ഭാഗമായ മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന അച്ചൻകവല വേട്ടപാറ കടവിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. അച്ചൻകവല സ്വദേശി കിഴക്കിനേത്ത് വീട്ടിൽ മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മൽ (15) ആണ് മരിച്ചത്. കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂട്ടുകാർക്കൊപ്പം വേട്ടപാറ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട നേരത്തെ തെരച്ചലിനൊടുവിൽ തൊട്ടടുത്തുള്ള മണിമലക്കടവിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.