ആലപ്പുഴ: ആറ്റിൽ ചാടിയവരെ കണ്ടെത്താനുള്ള തെരച്ചിലിനിടെ അഗ്നിരക്ഷാസേനയിലെ സ്കൂബ ഡ്രൈവറുടെ കൈവിരൽ ഒടിഞ്ഞു. ആലപ്പുഴ അഗ്നിരക്ഷാസേന യൂണിറ്റിലെ സ്കൂബ ഡ്രൈവർ കെആർ അനീഷിന്‍റെ വിരലാണ് ഒടിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം. മൂന്നുദിവസം മുമ്പ് പള്ളാത്തുരുത്തി പാലത്തിൽ നിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടുകയായിരുന്നു. പാലത്തിന്‍റെ തൂണിന് താഴെയുള്ള പരിശോധനക്കിടെ ബോട്ട് തൂണിൽ ഇടിക്കുകയും കൈബോട്ടിനും തൂണിനും ഇടയിൽപെട്ട് അമർന്ന് വിരൽ ഒടിയുകയുമായിരുന്നു. തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശ്രുശൂഷ നൽകി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. യുവതിയും യുവാവും ആറ്റിൽ ചാടുകയായിരുന്നു. ലോറി ഡ്രൈവർമാരാണ് സംഭവം ആദ്യം കണ്ടത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂബ ടീമിന്‍റെ നേതൃത്വത്തിൽ നാലുദിവസമായി പ്രദേശത്ത് തെരച്ചിൽ നടത്തി. ഇതിനിടയിലാണ് അപകടമുണ്ടായത്. അതേസമയം, ആറ്റിൽ ചാടിയ യുവതിയേയും യുവാവിനേയും കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.