ആലപ്പുഴ: സ്‌കൂട്ടറിൻ്റെ മേൽ ഒന്നര മീറ്റർ നീളമുള്ള ഇരുമ്പുകമ്പി വീണതിനെ തുടർന്നു സ്‌കൂട്ടർ മറിഞ്ഞ് യുവതിക്ക് ഗുരുതരപരുക്കേറ്റു. സ്‌കൂട്ടർ ഓടിച്ച കൈനകരി പുത്തൻപറമ്പ് വീട്ടിൽ ബിന്നി ഗോപിദാസിനാണ് (37) പരുക്കേറ്റത്. ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടിക്ക് സമീപമായിരുന്നു സംഭവം. അപകടത്തിൽ കൈകാലുകൾക്ക് ഒടിവും മുറിവും വയറ്റിൽ വേദനയുമുണ്ടായ ബിന്നിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഉഴുന്ന് കയറ്റി ചേർത്തല ഭാഗത്തേക്ക് പോയ ലോറിയിൽ നിന്നാണ് കമ്പി ഊർന്ന് വീണത്. ഉഴുന്ന നിറച്ച ചാക്കുകളുടെ അടിയിൽ അലക്ഷ്യമായി ഇട്ടിരുന്നതാണ് കമ്പി. ലോറി ഓടുന്നതിനിടെ തെന്നി തെന്നി താഴോട്ട് വീഴുകയായിരുന്നെന്നു അപകട സ്ഥലത്ത് പാഞ്ഞെത്തിയ ബൈപാസ് ബീക്കൺ എസ്‌ഐ എ.രാധാകൃഷ്ണക്കുറുപ്പ് പറഞ്ഞു. തുമ്പോളിയിലെ കയർ കയറ്റുമതി കമ്പനിയിൽ ജോലിക്ക് പോകാൻ കളർകോട് വച്ചായിരുന്നു ബിന്നി ബൈപാസിൽ പ്രവേശിച്ചത്. എല്ലാ ദിവസവും ഇങ്ങനെയാണ് വരുന്നത്.
സ്‌കൂട്ടർ ലോറിയുടെ പിന്നിൽ എത്തിയപ്പോഴായിരുന്നു അപ്രതിക്ഷിതമായി ഇരുമ്പുകമ്പി സ്‌കൂട്ടറിൽ പതിച്ചത്. ഇതിന്റെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ വലതുവശത്തെ സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയും ബിന്നി തെറിച്ച് റോഡിൽ വീഴുകയുമായിരുന്നു. ഈ സമയം എതിർഭാഗത്തു കൂടി വാഹനങ്ങൾ വരാതിരുന്നതിനാൽ ബിന്നിയുടെ ജീവൻ തിരിച്ചുകിട്ടി. എഎസ്‌ഐ പി.എൻ.ശർമ കുമാർ, വനിതാ ഹോംഗാർഡ് ചിത്രലേഖ എന്നിവരും ചേർന്നാണ് ബിന്നിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ലോറിയും കമ്പിക്കഷണവും നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ സ്‌കൂട്ടർ തകർന്നു.