മാർത്താണ്ഡം: പുതുക്കട കീഴ്കുളത്തിനടുത്ത് തണ്ടുമണിയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് ഡ്രൈവർമാർ മുങ്ങിമരിച്ചു. തേങ്ങാപട്ടിണം പനങ്കാൽമുക്ക് സ്വദേശികളായ ഓട്ടോഡ്രൈവർ രാജേഷ്(34), സ്വകാര്യ ബസ് ഡ്രൈവർ ജെകൻരാജ്(38) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് രണ്ട് പേരും ഓട്ടോറിക്ഷയിൽ ക്വാറിയുടെ ഭാഗത്ത് എത്തി കൈകാലുകൾ കഴുകാൻ ഇറങ്ങിയപ്പോഴാണ് അപകടം. ആൾസഞ്ചാരം കുറഞ്ഞ സ്ഥലമായതിനാൽ ദീർഘനേരം കഴിഞ്ഞാണ് അപകടത്തിൽപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഉടനെ പുതുക്കട പൊലീസിനെ അറിയിച്ചു.
കുഴിത്തുറ അഗ്നിശമന സേന എത്തി തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. പുതുക്കട പൊലീസ് കേസെടുത്തു