മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ ഫെറി മുങ്ങി 90ലധികം ആളുകൾക്ക് ദാരുണാന്ത്യം. നമ്പുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 130ലധികം ആളുകളാണ് അപകടസമയം ബോട്ടിലുണ്ടായിരുന്നത്. അനുവദനീയമായതിലും അധികം ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ബോട്ടിന്റെ കാലപ്പഴക്കവും ദുരന്തത്തിന് കാരണമായി. അപകടത്തിൽ പെട്ടവരിൽ നിരവധി കുട്ടികളുണ്ടെന്നും നമ്പുല സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ അപകടമുണ്ടായതിന് പിന്നാലെ രക്ഷപ്പെടുത്തിയിരുന്നു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാൽ കടൽ ശാന്തമല്ലാത്തത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമായി ബാധിച്ചിട്ടുണ്ട്
മൊസാംബിക്കിൽ കോളറ പടർന്നു പിടിക്കുകയാണെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിച്ചിരുന്നുവെന്നും, ഇതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽ പെട്ടതെന്നും നെറ്റോ പറയുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കൻ രാജ്യമായ മൊസാംബിക്ക്. ബോട്ട് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും നെറ്റോ അറിയിച്ചു