രാജ്സ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 7 പേർ വെന്തുമരിച്ച



രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ വെന്തുമരിച്ചു. അപകടത്തെതുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുൾപ്പടെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.


ഉത്തർപ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തിൽപ്പെട്ടത്. നീലം ഗോയൽ (55), മകൻ അശുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ (58), ഇവരുടെ മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32), രണ്ട് പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം നടന്നത്.ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർ പഞ്ഞിലോഡുമായി പോകുകയായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ കാര്‍ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു.


കൂട്ടിയിടിയെത്തുടർന്ന് കാറിലുണ്ടായിരുന്ന എൽപിജി കിറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്കിലുണ്ടായ പഞ്ഞിയിലേക്ക് തീ ആളിപ്പടരുകയും ചെയ്തു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും കാറിന്റെ ഡോർ തുറക്കാനായില്ല.

ഇതോടെ കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. യാത്രക്കാർ സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷിയായ രാംനിവാസ് സൈനി ഇന്ത്യ ടുഡേയോട് പറഞ്ഞു. ഫയർഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും ഏഴുപേരും മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറും സഹായിയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post