സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു.അബ്ദുൽ റഹീമിന്റെ മോചനത്തിനായി നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും .
2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്.നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു .അബ്ദുൾ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂര്‍ നൽകിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.