ഇടുക്കി ജില്ലയിലെ ജലാശയങ്ങള്‍ നൊന്പരക്കയങ്ങളാകുന്നു, മൂന്നു വർഷത്തിനിടെ ജില്ലയിലെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചതു 122 പേർ.
അവധിക്കാലത്ത് വിദ്യാർഥികളുടെ മുങ്ങി മരണങ്ങള്‍ ആവർത്തിക്കപ്പെടുന്പോഴും ഇക്കാര്യത്തില്‍ ആവശ്യത്തിനു ബോധവത്കരണമോ മുൻകരുതല്‍ നടപടികളോ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു.
വിദ്യാലയങ്ങള്‍ അടച്ചതോടെ വേനലവധിയുടെ ആഘോഷങ്ങളാണ് പലപ്പോഴും അപകടത്തിലേക്കു വഴി തെളിക്കുന്നത്. മുന്പും പുഴകളിലും ജലാശയങ്ങളിലും കുളങ്ങളിലും ഒട്ടേറെ കൗമാരക്കാരുടെ ജീവൻ പൊലിഞ്ഞിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം സ്കൂള്‍ തലത്തിലും മറ്റും നടക്കുന്നില്ലായെന്നതാണ് വസ്തുത.
ഓരോ വേനല്‍ അവധിക്കാലവും പല കുടുംബങ്ങള്‍ക്കും തോരാത്ത കണ്ണീർകാലമാകുകയാണ്. കാപ്പ് സ്വദേശിയായ വിദ്യാർഥി ഇന്നലെ തൊടുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതാണ് ഇതില്‍ അവസാനത്തെ സംഭവം.
കാപ്പ് കിഴക്കിനേത്ത് മൊയ്തീന്‍റെ മകൻ മുഹമ്മദ് അജ്മല്‍ (15) ആണ് ഇന്നലെ തൊടുപുഴ അച്ചൻകവലയ്ക്കു സമീപം തൊടുപുഴയാറില്‍ മുങ്ങി മരിച്ചത്. കദളിക്കാട് വിമല മാതാ ഹയർസെക്കൻഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിയായ അജ്മല്‍ പരീക്ഷയെഴുതിയിരിക്കുകയാണ്
.ചതിക്കുഴിയറിയാതെ
പുഴകളിലും ജലാശയങ്ങളിലും പതിയിരിക്കുന്ന ചതിക്കുഴികള്‍ അറിയാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ ഇവിടേക്ക് എടുത്തു ചാടുന്നത്. 2019 മുതല്‍ 2022 വരെ 122 മുങ്ങിമരണങ്ങള്‍ ജില്ലയില്‍ ഉണ്ടായതായാണ് ഫയർഫോഴ്സിന്‍റെ കണക്ക്. കഴിഞ്ഞ വർഷവും 24 -ഓളം പേരുടെ ജീവൻ ജലാശയങ്ങളിലും പുഴകളിലുമായി പൊലിഞ്ഞു. അവധിക്കാലത്ത് അപകടത്തില്‍പ്പെടുന്നവരിലേറെയും കുട്ടികളാണ്.
സ്കൂള്‍ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും സംഘം ചേർന്നു കുളിക്കാനിറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതു നാടിന് ഏറെ നൊന്പരമാണ് സൃഷ്ടിക്കുന്നത്.
കടുത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനാണ് പലരും പകല്‍സമയങ്ങളില്‍ പുഴകളിലും മറ്റും കുളിക്കാനിറങ്ങുന്നത്. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികള്‍ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊളിയിടുന്നത്.
വെള്ളത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവർ അപകടത്തില്‍പ്പെടുന്നത്. മുങ്ങി മരണങ്ങള്‍ കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ജല സുരക്ഷാ അവബോധം സൃഷ്ടിക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടതെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
ബോധവത്കരണം
പല ജില്ലകളിലും ഫയർ ആൻഡ് റെസ്ക്യൂ സിവില്‍ ഡിഫൻസ് ടീമിന്‍റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടെ ജല സുരക്ഷാ ബോധവത്കരണം നടന്നു വരുന്നുണ്ട്. അന്യ ജില്ലകളില്‍നിന്നും ഇവിടേക്ക് ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. നീന്തലറിയാതെ പലരും അപകടത്തില്‍പ്പെടുകയും ചെയ്യുന്നുണ്ട്.
സുരക്ഷിതരാക്കാം കുട്ടികളെ
ജലസുരക്ഷയെപ്പറ്റി കുട്ടികളെ ബോധവത്കരിക്കുക, അവധിക്കാലത്ത് നീന്തല്‍ പരിശീലിപ്പിക്കുക. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്നവരോട് മുതിർന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീൻ പിടിക്കാനോ യാത്രയ്ക്കോ കുളിക്കാനോ പോകരുതെന്ന് നിർദേശിക്കുക. വിനോദ യാത്രാ വേളകളില്‍ വെള്ളത്തില്‍ ഇറങ്ങുന്പോള്‍ അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുക.
ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടരുത്. കയറോ കന്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് സുരക്ഷിതം. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലൻസ് തെറ്റിയാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങി മരണം സംഭവിക്കാം. നേരം ഇരുട്ടിയതിനു ശേഷം വെള്ളത്തില്‍ ഇറങ്ങരുത്.
സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുന്പോഴോ കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.