മസ്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളിയടക്കം 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ചവരിലെ മലയാളി. നിലവിൽ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്.
സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് കൊല്ലം സ്വദേശിയായ സുനിൽകുമാർ സദാനന്ദൻ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുകിപ്പോയാണ് എട്ടു പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളും രണ്ടുപേർ ഒമാനി പൗരന്മാരുമാണ്.
ഒമാനിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും കൊടിയ നാശംവിതച്ചു. മരിച്ചവരില്‍ ഒമ്പതുപേരും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
അൽ മുദൈബിയിൽ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലുംപ്പെട്ട് അഞ്ചു പേരെ കാണാതായെന്ന് രാജ്യത്തെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.