കാസർകോട്: രാവിലെ അണങ്കൂറിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റ 10 പേരിൽ മൂന്നുപേരുടെ നില ഗുരുതരം. നീലേശ്വരം സ്വദേശിനി രേഷ്‌മ(20), പെരിയ സ്വദേശിനി പവിത്ര(29), കല്യോട്ട് സ്വദേശിനി ഷീജ എന്നിവർക്കാണ് ഗുരുതര പരിക്ക്. പരിക്കേറ്റ പ്രഭാകരൻ, സെറീന, ഗോകുൽരാജ്, കൃഷ്ണൻ, മേഘ എന്നിവരെ കാസർകോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.15 ഓടെയാണ് ദേശീയപാത അണങ്കൂർ സ്കൗട്ട് ഭവന് സമീപം അപകട നടന്നത്. കണ്ണൂരിൽ നിന്ന് കാസർകോട്ടെക്ക് വരികയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ബിസി റോഡിൽ സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഡ്രൈവറും കണ്ടക്‌ടറും ഇറങ്ങിയോടി. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.