കണ്ണൂര്‍: ഓടുന്ന ട്രെയിനിനടിയില്‍പ്പെട്ട ചായക്കച്ചവടക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചായക്കച്ചവടക്കാരന്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇരിക്കൂര്‍ സ്വദേശിയായ ഷറഫുദ്ദീന്‍ ആണ് രക്ഷപ്പെട്ടത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിനും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനും ഇടയിലാണ് വീണത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിലെ ടൈലിനോട് ചേര്‍ന്നുള്ള ഇന്റര്‍ലോക്ക് പൊട്ടിയിരുന്നു. ഇത് ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്നതിനിടെ ഷറഫുദ്ദീന്‍ കാല്‍തെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറിയത് മൂലമാണ് ഷറഫുദ്ദീന് രക്ഷപ്പെടാന്‍ സാധിച്ചത്.
കണ്ടുനിന്നവര്‍ ഞെട്ടി തരിച്ച് നില്‍ക്കുന്നതിനിടെ, മനസ്സാന്നിധ്യം നഷ്ടപ്പെടുത്താതെ, ഷറഫുദ്ദീന്‍ മുകളിലേക്ക് കയറുകയായിരുന്നു. ഉടന്‍ തന്നെ കയറിയില്ലായിരുന്നുവെങ്കില്‍ ട്രെയിനിന്റെ സ്റ്റെപ്പ് വരുന്ന ഭാഗം തട്ടുമായിരുന്നു.