കണ്ണൂർ പയ്യന്നൂര്‍: ടൗണിലെ മെയിന്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌പൊട്ടി രൂപപ്പെട്ട പടുകുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. കാങ്കോല്‍ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ്(63) പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.40 ഓടെയാണ് അപകടം.
മംഗലാപുരത്ത് എജെഎസില്‍ നഴ്സിംഗിന് പഠിക്കുന്ന മകൾ ദേവനന്ദയെ യാത്രയാക്കാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പയ്യന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ
മെയിൻ റോഡിൽ ഗാന്ധി പാർക്ക് റോഡിന് സമീപംപൈപ്പ്‌പൊട്ടിയതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയിലേക്ക് വീണാണ് അപകടം. കാലിനും മുഖത്തും സാരമായി പരിക്കേറ്റ ശശീന്ദ്രൻ്റെ തലയിലും പരിക്കുകളുണ്ട്. യാത്രക്കാർക്ക്
മുന്നറിയിപ്പുകളൊന്നുമില്ലാത്തതിനാല്‍ അധികൃതരുടെ അനാസ്ഥയിൽ ജീവൻ പൊലിയാത്തത്
ഭാഗ്യം കൊണ്ടു മാത്രം. അപകട വിവരമറിഞ്ഞെത്തിയ ശശീന്ദ്രന്റെ സഹോദരന്‍ കരുണാകരൻ മാഷും മകനും സഞ്ചരിച്ച ഇരുചക്രവാഹനവും ഭാഗ്യംകൊണ്ടാണ് കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത്. റോഡ് നിറഞ്ഞൊഴുകിയ വെള്ളത്തിലൂടെ വളരെയേറെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നുപോയത്. കാപ്പാട്ട് പെരുങ്കളിയാട്ട സമാപന ദിവസമായിരുന്നതിനാല്‍ നഗരത്തില്‍വൻ ജനത്തിരക്കുമുണ്ടായിരുന്നു. കാല്‍നടയാത്രക്കാര്‍ കടവരാന്തകളുടെ അരികുപറ്റിയാണ് കടന്നുപോയത്. വിവരമറിഞ്ഞെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വെള്ളത്തിന്റെ ഒഴുക്കുനിര്‍ത്തിയെങ്കിലും ബാക്കി പ്രവര്‍ത്തികള്‍ ചെയ്യാത്തതിനാല്‍ കുഴി അപകടക്കെണിയായി മാറുകയായിരുന്നു.