ദേശീയപാതയിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്

 


മലപ്പുറം:കോഴിക്കോട് പാലക്കാട്‌ ദേശീയ പാതയിൽ പൂക്കോട്ടൂർ പെട്രോൾ പമ്പിന് സമീപം കരിങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്കേറ്റു.ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറിയും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി മലപ്പുറത്തേക്ക് പോവുന്ന കാർ ഓടിച്ചിരുന്ന വെള്ളുവമ്പ്രം സ്വദേശി ചെങ്ങോടൻ ഹൗസിൽ റിൻഷാദ്‌ (20) നാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിന്റെ ബോണറ്റിനും സീറ്റിനും ഇടയിൽ കുടുങ്ങിയ റിൻഷാദിനെ ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രെമിച്ചെങ്കിലും വിഫലമായി.തുടർന്ന് മലപ്പുറം അഗ്നി രക്ഷാ സേന സ്ഥലത്തു എത്തി അര മണിക്കൂറോളം പരിശ്രമത്തിലൂടെ ഹൈഡ്രോളിക് കട്ടറിന്റെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചു യുവാവിനെ പുറത്തെടുത്തു സേനയുടെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മുട്ട്കാൽ പൊട്ടി അസ്ഥികൾ പുറത്തു വന്നതിനാൽ രക്ഷാ പ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ എം അബ്ദുൽ റഫീഖിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ എസ് പ്രദീപ്‌,കെ സുധീഷ്,കെ സി മുഹമ്മദ്‌ ഫാരിസ്,അബ്ദുൽ ജബ്ബാർ,പി അമൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി പി നിഷാദ്,ഹോം ഗാർഡ് വേണുഗോപാൽ,സിവിൽ ഡിഫെൻസ് അംഗം കെ പി അജ്മൽ തൗഫീഖ് തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post