ഇടുക്കി:കട്ടപ്പന ഇരട്ടകൊലപാതക കേസിൽ വിജയന്റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. മൂന്നു മടക്ക് മടക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തി. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്ന് തെളിയിക്കുന്നതാണ് തെളിവുകൾ. ഒന്നര ദിവസം കൊണ്ട് നിർമിച്ചതാണ് മൃതദേഹം കുഴിച്ചിട്ട കുഴിയെന്നാണ് വിവരം. ആ സമയമത്രയും മൃതദേഹം മുറിയിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, മൂന്നടി വ്യാസമുള്ള കുഴിയിൽ നാലടി താഴ്ചയിലായി മൃതദേഹം കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ പായ്ക്ക് ചെയ്ത നിലയിലാണ് കുഴിച്ചിട്ടതെന്ന് കഞ്ചിയാർ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് അറിയിച്ചു. അസ്ഥികൂടവും മുടിയും മാത്രമാണ് അവശിഷ്ടങ്ങളിലുള്ളതെന്നും മൃതദേഹവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റുമെന്നും അറിയിച്ചു.