പത്തനംതിട്ട : തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി തിരുവല്ല പൊലീസ്. പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ പേര് പാർവതി എന്നാണെന്നും 15 വയസ് പ്രായമാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നും കൊണ്ടുപോയതെന്നാണ് വിവരം. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്നും സൂചനയുണ്ട്.